Sarany Media

ഇ-മെയില്‍ വിലാസം വേട്ടക്കഥ അഥവാ എത്തിനോട്ടക്കാരുടെ എത്തിക്സ് -സവാദ് റഹ്‌മാൻ

മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാന്‍ പുസ്തകവുമായി ഇറങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ലേശമെങ്കിലും മര്യാദ അവശേഷിക്കുന്നുവെങ്കില്‍ പൌരാവകാശങ്ങള്‍ക്കും സ്വൈര്യ ജീവിതത്തിനുംമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ മനുഷ്യരോട് മാപ്പിരക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇന്ത്യയിലോ പാക്കിസ്ഥാനിലോ അമേരിക്കയിലോ സൌദി അറേബ്യയിലോ എവിടെ ആയാലും പൌരന്‍മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുക എന്നത് ഭരണകൂടമേ നിങ്ങളുടെ വര്‍ഗ സ്വഭാവമാണ്, പക്ഷെ അപരന്റെ കിടപ്പറയിലേക്ക് എത്തിനോക്കിയശേഷം എത്തിക്സ് പ്രസംഗിക്കല്‍-അത് അറപ്പുളവാക്കുന്ന പരിപാടിയാണ്-സവാദ് റഹ്‌മാൻ എഴുതുന്നു.



രാഷ്ട്രീയ-മത-സാമൂഹിക-വ്യവസായ മേഖലകളില്‍ സജീവമായ ഇരുനൂറ്റമ്പതിലേറെ ഇന്ത്യന്‍ പൌരന്‍മാരുടെ ഇ-മെയിലുകളിലേക്ക് നുഴഞ്ഞുകയറാന്‍ കേരളാ പോലീസ് നടത്തിയ ഗൂഢാലോചന വെളിച്ചത്തു വന്നിരിക്കുന്നു. വാര്‍ത്ത ബ്രേക്ക് ചെയ്യപ്പെട്ടപ്പോള്‍ കണ്ണടച്ച് നിഷേധിക്കുകയും പിന്നീട് മുട്ടുന്യായങ്ങള്‍ പറഞ്ഞ് ഉരുണ്ടുകളിക്കുകയും ചെയ്ത ഭരണകൂടം ഇപ്പോള്‍ സംഭവം പുറത്തറിയിച്ച മാധ്യമം ആഴ്ചപ്പതിപ്പിന് ആണിയടിക്കാനുള്ള ആലോചനയിലാണ്. സ്പര്‍ധ വളര്‍ത്തുന്ന പ്രചാരണം നടത്തി എന്നാണ് മുഖ്യമന്ത്രി ഈ പ്രസിദ്ധീകരണത്തിനെതിരെ ഉയര്‍ത്തുന്ന ആരോപണം. എന്നാല്‍ ചരിത്രകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ പി.ജെ. ചെറിയാനും പത്രപ്രവര്‍ത്തക സിന്ധ്യാ ചന്ദ്രനും വിദ്യാഭ്യാസ മാര്‍ഗ നിര്‍ദേശ കേന്ദ്രമായ സിജിക്കും ഉള്‍പ്പെടെ ഇരുനൂറ്റമ്പതിലേറെ മനുഷ്യര്‍ക്കും സ്ഥാപനങ്ങള്‍ക്കും നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ട് എന്ന് പോലീസ് എഴുതിപ്പിടിപ്പിച്ചത് അബദ്ധത്തില്‍ സംഭവിച്ചു പോയതാണെത്രേ. മാധ്യമം പ്രസിദ്ധീകരിക്കാതിരുന്ന ഡോ. ചെറിയാന്റെയും സിന്ധ്യയുടെയും പേരുകള്‍ തലസ്ഥാനത്ത് പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞ മുഖ്യമന്ത്രിയുടെ ചെയ്തിയെ എന്തു പേരിട്ടു വിളിക്കണം?

വേള്‍ഡ് ട്രേഡ് സെന്ററിന്റെ തകര്‍ച്ചക്ക് പകപോക്കാന്‍ അമേരിക്ക തുടക്കമിട്ട ഭീകരതാ വിരുദ്ധ യുദ്ധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് 2001ല്‍ കേന്ദ്രം ഭരിച്ചിരുന്ന ബി.ജെ.പി സര്‍ക്കാര്‍ സിമിയെ നിരോധിച്ചത്. സിം വാലിഡിറ്റി തീരാറാവുമ്പോള്‍ റീച്ചാര്‍ജ് ചെയ്യുന്നതു പോലെ സിമി നിരോധം പുതുക്കേണ്ട സമയമടക്കുമ്പോള്‍ ഇന്‍ഡോറിലോ അജ്മീറിലോ വെല്ലൂരിലോ നിന്ന് കുറച്ച് താടിവെച്ച പയ്യന്‍മാരെ പിടികൂടി ഒരു ഭീകരവാദക്കഥ കെട്ടിയുണ്ടാക്കല്‍ ഒരു പതിവു കലാപരിപാടിയാണ്.പോലീസ് ആസ്ഥാനത്തു നിന്ന് വിളി വന്നാലുടന്‍ ചൂടാക്കി വിളമ്പാന്‍ പാകത്തിന് സ്റ്റോറി രണ്ടെങ്കിലും കാണും ഓരോ ചാനലിന്റെയും കോള്‍ഡ് സ്റ്റോറേജില്‍. വിരോധമുള്ള ആരെയും ഏതു സമയവും എളുപ്പത്തില്‍ കുടുക്കാവുന്ന സുത്രവാക്യമാണ് SIMI എന്ന നാലക്ഷരങ്ങള്‍.പോലീസിലോ ഐ.ടി കമ്പനിയിലോ ജോലി ചെയ്യുന്ന, രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ആരോടെങ്കിലും നിങ്ങള്‍ക്ക് പക തീര്‍ക്കാനുണ്ടെന്നിരിക്കട്ടെ-ടിയാന് സിമി ബന്ധമുണ്ടെന്ന് ഒരു ഊമക്കത്ത് അയക്കേണ്ട പണിയേ ഉള്ളൂ. അത്യാവശ്യം നല്ല നേതൃപാടവമുള്ള, പക്വതയോടെ സംസാരിക്കാനറിയാവുന്ന, ആവശ്യത്തിലേറെ തല്ലുകൊണ്ടിട്ടുള്ള ഒരു യൂത്ത് കോണ്‍ഗ്രസുകാരന് സീറ്റു കൊടുക്കാന്‍ ആലോചന ഉയരുമ്പോള്‍ കോഴിക്കോട്ടെ ചില മൂത്ത നേതാക്കള്‍ ഇതു പ്രകാരം ദല്‍ഹിക്ക് ഒരു മേഘസന്ദേശം അയക്കും, അതോടെ യൂത്തന്റെ ചീട്ടുകീറും.



ഒളിഞ്ഞു നോട്ടത്തിലെ പൊളിറ്റിക്സ്
“I want the dead bodies of Muslim bastards!” എന്ന് വയര്‍ലെസിലൂടെ ആക്രോശിച്ച മുന്‍ ഡി.ജി.പി രമണ്‍ ശ്രീവാസ്തവക്ക് പേരുദോഷം വരുത്തരുത് എന്ന നിര്‍ബന്ധ ബുദ്ധിയോടെയാണ് കേരള പോലീസിലെ ഒരു കൂട്ടം ഉദ്യോഗസ്ഥരെങ്കിലും നിയമപാലനം നടത്തുന്നത്. വ്യാജ ബോംബ് ഭീഷണിക്കേസുകളില്‍ പ്രതി മുസ്ലിം എങ്കില്‍ കേസെടുത്ത് കമ്പ്യൂട്ടര്‍ കണ്ടുകെട്ടുകയും അല്ലെങ്കില്‍ മനോരോഗ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടു നല്‍കുകയും ചെയ്യലാണ് കുറെക്കാലമായി ഇന്നാട്ടില്‍ നടക്കുന്ന ഭീകരവാദവിരുദ്ധ പ്രവര്‍ത്തനം. കാക്കിയേക്കാള്‍ കാശിനോടും കാവിയോടും പ്രതിബദ്ധതയുള്ള ഒട്ടനവധി പേര്‍ ഈ സേനയെ പല ഭാഗങ്ങളിലായി നിയന്ത്രിക്കുന്നു.

വി.ഐ.പികള്‍ പങ്കെടുക്കുന്ന പരിപാടികളിലെ സുരക്ഷാ ഡ്യൂട്ടിയില്‍ നിന്ന് പോലീസുകാരെ സമുദായം നോക്കി മാറ്റി നിര്‍ത്തുന്നതടക്കം സ്പര്‍ധ വളര്‍ത്തലിന്റെയും ഇരട്ടനീതി നിര്‍വഹണത്തിന്റെയും നടത്തിപ്പുകാരായി മാറുന്നുണ്ട് നമ്മുടെ ജനമൈത്രി പോലീസ്. സംഘപരിവാര്‍ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ കുറെ വര്‍ഷമായി നടപ്പിലാക്കികൊണ്ടിരിക്കുന്ന ഇസ്ലാമോഫോബിയയുടെ ഈ മുള്ളുലാത്തി പ്രയോഗം കേരളത്തിലേക്കു നീളാതിരിക്കാന്‍ മാധ്യമങ്ങളുടെയും മനുഷ്യാവകാശ സമൂഹത്തിന്റെയും നിതാന്ത ജാഗ്രത ആവശ്യമാണ്.

കോടതി ഉത്തരവില്ലാതെ ഒരു വ്യക്തിയുടെ ഇമെയില്‍ വിശദാംശങ്ങള്‍ ആവശ്യപ്പെടാന്‍ പോലീസിന് യാതൊരു അധികാരവും അവകാശവും നല്‍കുന്നില്ല, സ്വതന്ത്ര ജനാധിപത്യ ഇന്ത്യയില്‍ നിലവിലുള്ള നിയമങ്ങള്‍. അതു മറികടക്കാനാണ് നിരോധിത സംഘടനാ ബന്ധം എന്നൊരു തോട്ടിവെച്ച് വിവരങ്ങള്‍ തോണ്ടാന്‍ ശ്രമിച്ചത് എന്ന് വ്യക്തം. ഇ- മെയില്‍ പ്രൊവൈഡര്‍മാര്‍ക്ക് പോലീസ് നല്‍കിയ കത്ത് ഇപ്രകാരം പുറത്തുവരികയും ചര്‍ച്ചയാവുകയും ചെയ്തില്ലായിരുന്നെങ്കില്‍ യാഹുവും ജി മെയിലും വിവരങ്ങള്‍ നല്‍കിയാലും ഇല്ലെങ്കിലും സിമിയും പോലീസും കളിയില്‍ ആ പേരുകാര്‍ കരുക്കളാകുമായിരുന്നു എന്നുറപ്പ്. ഇ മെയില്‍ വിലാസത്തിന്റെ ഉടമകളാരെന്ന് ചോദിച്ച് ഗൂഗിളിനും യാഹൂവിനുമെല്ലാം കത്തു നല്‍കിയതേയുള്ളൂ എന്ന് പോലീസ് മേധാവിയും കേരള മുഖ്യനും നിഷ്കളങ്ക ഭാവത്തില്‍ പറയുന്നത് വിശ്വസിക്കാമായിരുന്നു^ ആ ലിസ്റ്റില്‍ പേരുള്ള ആളുകളുടെ വീട്ടില്‍ രഹസ്യപ്പോലീസ് കയറിയിറങ്ങിയില്ലായിരുന്നെങ്കില്‍, അവരുടെ മെയിലുകള്‍ പലയിടങ്ങളില്‍ വെച്ച് ഹാക്ക് ചെയ്യപ്പെട്ടില്ലായിരുന്നെങ്കില്‍,ലിസ്റ്റില്‍ പേരു പെട്ടുപോയ മനുഷ്യരെ പോലീസ് കേന്ദ്രങ്ങളിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചില്ലായിരുന്നെങ്കില്‍.

പക്ഷെ അതു സംഭവിച്ചു കഴിഞ്ഞു. അവിടെയും തീരുന്നില്ല ദുരിതം. സിമി ബന്ധമുള്ളവര്‍ എന്ന് കാണിച്ച് പോലീസ് തയ്യാറാക്കിയ ”കൈപ്പിഴ റിപ്പോര്‍ട്ടില്‍”പേരുചേര്‍ക്കപ്പെട്ട ബംഗളൂരുവിലെ ഐടി കമ്പനി ജീവനക്കാരന്റെ ജോലി തുലാസിലാടുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ മകന്റെ പ്രായം മാത്രമുള്ള ആ ചെറുപ്പക്കാരന്‍ തൊഴിലിടത്തില്‍ നോട്ടപ്പുള്ളിയാക്കപ്പെട്ടതിന് ആരാണ് സമാധാനം പറയുക? അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കിടക്കുമ്പോഴും ജയില്‍ നിയമങ്ങള്‍ ലംഘിച്ച് മുന്‍ മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള ഫോണ്‍ ഉപയോഗിക്കുന്നത് പുറത്തു കൊണ്ടുവന്ന റിപ്പോര്‍ട്ടര്‍ ചാനലിനു നേരെ കുരച്ചടുത്തതിനു പിന്നാലെയാണ് കേരളാ പോലീസിന്റെ വഴിതെറ്റി നടത്തം വെളിപ്പെടുത്തിയ മാധ്യമത്തിനു പിന്നാലെ ഭരണകൂടം നാക്കുനീട്ടുന്നത്.

മാധ്യമങ്ങളെ മര്യാദ പഠിപ്പിക്കാന്‍ പുസ്തകവുമായി ഇറങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ലേശമെങ്കിലും മര്യാദ അവശേഷിക്കുന്നുവെങ്കില്‍ പൌരാവകാശങ്ങള്‍ക്കും സ്വൈര്യ ജീവിതത്തിനുംമേല്‍ നടത്തിയ കടന്നുകയറ്റത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഈ മനുഷ്യരോട് മാപ്പിരക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

ഇന്ത്യയിലോ പാക്കിസ്ഥാനിലോ അമേരിക്കയിലോ സൌദി അറേബ്യയിലോ എവിടെ ആയാലും പൌരന്‍മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കുക എന്നത് ഭരണകൂടമേ നിങ്ങളുടെ വര്‍ഗ സ്വഭാവമാണ്, പക്ഷെ അപരന്റെ കിടപ്പറയിലേക്ക് എത്തിനോക്കിയശേഷം എത്തിക്സ് പ്രസംഗിക്കല്‍-അത് അറപ്പുളവാക്കുന്ന പരിപാടിയാണ്. നിര്‍ഭാഗ്യവശാല്‍ കേരള മുഖ്യമന്ത്രീ, താങ്കളും താങ്കളുടെ പെട്ടിപിടിത്തക്കാരും ചെയ്യുന്നത് അതു തന്നെയാണ്.

Tags: YK

Views: 776

Reply to This

Replies to This Discussion

very good

savad very good maadani love jihad letter bomb eppol email teerunilla eniyum vannu konde erikkum ennalum namude sammudaya party mindilla mindan patilla mindannum parayannum ullath ningale polle ulla patraprvartkar matram adu kondu nangale polle ulla rajyath samadanam agrahikunnavarude pintunna ennum undagum kallinte adiyil ulla mannu neengi kallu kunddil veennallum parayyum parayyum evide onnum sambavichilla ennu samudaya party adannu nangalle party nokkane parrtivasta

RSS

Solidarity Network



FeedBack


Malayalam Typing


Videos

  • Add Videos
  • View All

© 2012   Created by Solidarity Network.

Badges  |  Report an Issue  |  Terms of Service