വര്‍ഗീയത കാണിക്കാം, പറയരുത് -വി.എം. ഇബ്രാഹീം

‘ഈ നമ്പറില്‍നിന്നു താങ്കളുടെ നമ്പറിലേക്ക് ഇതുവരെ വന്നതും ഇനി വരാനിരിക്കുന്നതുമായ മുഴുവന്‍ കാളുകളും ഇതിനാല്‍ റദ്ദുചെയ്തിരിക്കുന്നു’-സംസ്ഥാന ആഭ്യന്തരവകുപ്പ് ‘മുസ്ലിം ഇ-മെയിലു’കള്‍ പിന്തുടരുന്നതു സംബന്ധിച്ചു വാര്‍ത്തവന്ന ദിവസം ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് (മുസ്ലിം അല്ല) ടെലിഫോണ്‍ സംഭാഷണത്തിന് ആമുഖമായി പറഞ്ഞ ഈ തമാശ വെറും കളിയാണെന്നു പറയാനാവില്ല. നേരത്തേ ഏതോ ഹിന്ദുത്വവാദിയുടെ വിഷമനം വിസര്‍ജിച്ചതും ‘മലയാള മനോരമ’യുടെ നേതൃത്വത്തില്‍ ഒരുപിടി മാധ്യമങ്ങള്‍ നാട്ടിലെങ്ങും പാട്ടാക്കിയതും അന്വേഷണ, ന്യായാധിപ ഉദ്യോഗക്കാരില്‍ ചിലര്‍ ഏറ്റുപിടിച്ചതുമായ ‘ലൗ ജിഹാദ്’ വര്‍ഗീയവിരേചനമുണ്ടാക്കിയ വിപത്ത് നേരിട്ടറിയുന്നവര്‍ക്ക് ഇപ്പോള്‍ പുറത്തായിരിക്കുന്ന ‘ഗുജറാത്ത് മോഡല്‍ അടയാളപ്പെടുത്തലി’ ന്‍െറ ദുരന്തങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. മാസങ്ങള്‍ പലത് കഴിഞ്ഞ് കുഴപ്പത്തിന്‍െറ ഉത്തരവാദിത്തം കേവല വര്‍ഗീയവാദികളുടെ വെബ്സൈറ്റിനു മേല്‍ വെച്ചുകെട്ടി അപവാദവ്യവസായത്തിന് നേതൃത്വം നല്‍കിയവര്‍ കുമ്പസരിച്ചു തടിയൂരിയെങ്കിലും കേരളത്തിലെ കാമ്പസുകളിലെ ചങ്ങാത്തത്തിനും സൗഹൃദങ്ങള്‍ക്കും മേല്‍ സംശയത്തിന്‍െറ ചളി വാരിയെറിയാന്‍ ആ പ്രചാരണങ്ങള്‍ക്കായി. പണ്ടുകാലത്ത് തെക്കുനിന്ന് മലപ്പുറം ജില്ലയിലേക്കു പറഞ്ഞുവിടുമ്പോള്‍ എടുക്കേണ്ട കരുതലുകളെക്കുറിച്ച് മക്കളെ ചൊല്ലിപ്പഠിപ്പിച്ചിരുന്നതുപോലെ ‘ലൗ ജിഹാദ്’കാലത്തെ തയാറെടുപ്പുകളെക്കുറിച്ച് രക്ഷിതാക്കള്‍ മക്കള്‍ക്ക് ജാഗ്രതാനിര്‍ദേശങ്ങള്‍ നല്‍കി. അങ്ങനെ അമ്മ/അച്ഛന്‍ പറഞ്ഞതു കാരണം ഡിലീറ്റു ചെയ്യപ്പെട്ട സൗഹൃദങ്ങളുടെ കണക്കെടുത്താല്‍ ആരുടെയോ മനോരാജ്യത്തില്‍ രൂപംകൊണ്ട ഒരു കുരിശുയുദ്ധം നമ്മുടെ സമൂഹഗാത്രത്തിനേല്‍പിച്ച ആഘാതം എത്ര കനത്തതാണെന്നു ബോധ്യപ്പെടും. ഇതെല്ലാമായിട്ടും കേരളത്തിന്‍െറ സൗഹാര്‍ദാന്തരീക്ഷത്തില്‍ വിള്ളല്‍ വീഴ്ത്തി ഒരു സമുദായത്തെ സംശയത്തിന്‍െറ പുകമറയില്‍ നിര്‍ത്തിയവര്‍ക്കെതിരെ മതസ്പര്‍ധയും വര്‍ഗീയതയും ഇളക്കിവിട്ടതിനു കേസെടുക്കുന്നതോ പോകട്ടെ, ഒന്നുവിരട്ടാന്‍ പോലും ആഭ്യന്തരവകുപ്പിന്‍െറ ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയോ ഡി.ജി.പിയോ തയാറായിട്ടില്ല. അന്നത്തെ കാടിളക്കിയ പ്രചാരണത്തിലൂടെ മലയാളിയുടെ മനസ്സില്‍ പതിഞ്ഞ ലൗജിഹാദ് എന്ന മുസ്ലിംഭീതി മായ്ച്ചുകളയാന്‍ ചില്ലറ കോളങ്ങളിലെ കുമ്പസാരം ഒട്ടും പര്യാപ്തമായിട്ടില്ളെന്ന് ഇന്നും അതു സംബന്ധിച്ച നാട്ടുവര്‍ത്തമാനങ്ങള്‍ നിരീക്ഷിച്ചാലറിയാം. ഇതെല്ലാം അറിഞ്ഞുതന്നെയാണ് സുഹൃത്ത് മേല്‍തമാശ എയ്തതും.

ദല്‍ഹി യൂനിവേഴ്സിറ്റിയിലെ ഹിന്ദി പ്രഫസറും സാമൂഹിക പ്രവര്‍ത്തകനുമായ അപൂര്‍വാനന്ദ് ഝാ ചൂണ്ടിക്കാട്ടിയ പോലെ, ‘പണ്ട് അക്ഷരാഭ്യാസക്കുറവിന്‍െറ പേരുപറഞ്ഞത് മുസ്ലിംകളെ അപരിഷ്കൃതരും ക്രിമിനലുകളുമായി ഗണിച്ച് താഴെയിരുത്തുകയായിരുന്നു. ഇന്ന് കരിയറില്‍ അവര്‍ കുതിപ്പു തുടങ്ങിയപ്പോള്‍ അഭ്യസ്തവിദ്യരായാലും തീവ്രവാദി മുദ്ര കുത്തി അവരെ അടിച്ചിരുത്താനാണ് ശ്രമം. അപ്പോള്‍ മുസ്ലിംകള്‍ക്കല്ല, അവരെ നിരീക്ഷിച്ചവര്‍ക്കാണ് പിഴച്ചത്. സാമുദായികമായ അകല്‍ച്ചക്കും സ്പര്‍ധക്കും ഇടവരുത്തിയ ഈ പിഴച്ച നോട്ടത്തിന്‍െറ ഇരകളാണ് മുസ്ലിംകള്‍’. പൊതുബോധത്തിന്‍െറ വര്‍ഗീയവത്കരണമെന്ന ഈ മാരകദുരന്തത്തിന് കേരളവും ഇരയായിക്കഴിഞ്ഞതിന്‍െറ സൂചനകള്‍ കുറച്ചുകാലമായി കണ്ടുതുടങ്ങിയിട്ട്. എവിടെ തീയും പുകയും ഉയര്‍ന്നാലും അതിനു പിന്നില്‍ ഒരു തീവ്രവാദഭീഷണി പതിവാണ്. തീവ്രവാദം മണത്താല്‍ പിന്നെ പ്രതിഭാഗം മുസ്ലിമാണെന്നു ആര്‍ക്കും ഊഹിക്കാവുന്ന വിധമായിട്ടുണ്ട് കാര്യങ്ങള്‍. പിടിയിലാകുന്നത് ഇതരവിഭാഗങ്ങളില്‍ നിന്നാണെങ്കില്‍ മനോരോഗം, കുസൃതി തുടങ്ങിയ പെറ്റിക്കേസുകളില്‍ അത് ആവിയായിപ്പോകുന്നുമുണ്ട്. കോഴിക്കോട് മിഠായിത്തെരുവിലെ തീപിടിത്തം മുതല്‍ കൊച്ചി വിമാനത്താവളത്തില്‍ കണ്ടെടുത്ത വെടിമരുന്ന് തുടങ്ങി  റെയില്‍പാളത്തിലെ വിള്ളല്‍ വരെ, ‘ലെറ്റര്‍ബോംബ്’ മുതല്‍ ‘ലൗജിഹാദ്’ വരെ അതിന് ഉദാഹരണങ്ങള്‍ ഒട്ടനവധി. ഗുജറാത്തിലെയും മറ്റും വര്‍ഗീയകലാപങ്ങളില്‍ അനാഥരായിത്തീര്‍ന്ന കുഞ്ഞുങ്ങളെ അവരുടെ രക്ഷിതാക്കളുടെ ആഗ്രഹപ്രകാരം നമ്മുടെ നാട്ടിലെ അനാഥശാലകളില്‍ ചേര്‍ത്തുവളര്‍ത്താനുള്ള ജീവകാരുണ്യശ്രമത്തെ കേരളത്തിലേക്ക് കുട്ടിത്തീവ്രവാദികളെ കടത്തുന്നേയെന്നു വിളിച്ചുകൂവാനുള്ള ധാര്‍ഷ്ട്യത്തോളം ഈ മനോരോഗം വളര്‍ന്നു.

ഈ മനോരോഗത്തിന്‍െറ പ്രതിഫലനം തന്നെയാണ് ഇതിനകം വിവാദമായിത്തീര്‍ന്ന ഇ-മെയില്‍ ചോര്‍ത്തലിലും നിഴലിക്കുന്നത്. ‘സിമി’ പ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള’ ഒരു കൂട്ടം ഇ-മെയില്‍ വിലാസങ്ങള്‍ അയച്ചുകൊടുത്ത് ‘ബന്ധപ്പെട്ട ഇ-മെയില്‍ ദാതാക്കളില്‍നിന്ന് രജിസ്ട്രേഷന്‍, ലോഗിങ് വിശദാംശങ്ങള്‍ തരപ്പെടുത്തി ഇ-മെയില്‍ ഉടമകളെയും അവരുടെ വിലാസവും ഫോര്‍വേഡ് ചെയ്യാനും റിപ്പോര്‍ട്ട് തയാറാക്കാനുമാണ് ഇന്‍റലിജന്‍സ് എ.ഡി.ജി.പിക്കു വേണ്ടി പൊലീസ് സൂപ്രണ്ട് കെ.കെ. ജയമോഹന്‍ നിര്‍ദേശം നല്‍കിയത്. സിമി ബന്ധം ആരോപിച്ച് സംസ്ഥാനസര്‍ക്കാര്‍ അന്വേഷണത്തിനൊരുങ്ങുമ്പോള്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വിഭിന്ന കക്ഷിക്കാരായ 258 പേരെ ഒരേ സമുദായത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കുന്നതിലെ ദുരൂഹതയും ആശങ്കയുമാണ് ‘മാധ്യമം’ വാരികയിലെ ലേഖനത്തിന്‍െറ ഇതിവൃത്തം. മുസ്ലിം വിഭാഗത്തിനെതിരായി കേരളത്തില്‍ സൃഷ്ടിക്കപ്പെട്ട നടേ പറഞ്ഞ സംശയാസ്പദ അന്തരീക്ഷത്തിന്‍െറ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മെഷിനറി കൂടി വര്‍ഗീയപ്രചാരണത്തിന് ചൂട്ടുപിടിക്കാന്‍ സജ്ജമാകുന്നതിലെ ആപച്ഛങ്കയാണ് ഈ നീക്കം തുറന്നുകാട്ടാന്‍ ‘മാധ്യമ’ത്തെ പ്രേരിപ്പിച്ചത്. ലേഖനത്തില്‍ അപ്രസക്തമെന്നു കണ്ട് വിട്ടുകളഞ്ഞ പത്തു പേരുകളെ ചൊല്ലി ഒച്ചവെച്ച് സര്‍ക്കാര്‍ നടപടി ന്യായീകരിക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ശ്രമങ്ങളെല്ലാം ‘മാധ്യമം’ ചൂണ്ടിക്കാട്ടിയ നമ്മുടെ ഒൗദ്യോഗിക സംവിധാനങ്ങളുടെ വര്‍ഗീയവത്കരണമെന്ന ഭീഷണിയെ സാധൂകരിക്കുന്നതാണ്. രാഷ്ട്രീയനേതാക്കള്‍, വ്യവസായപ്രമുഖര്‍, ബിസിനസുകാര്‍, സമ്പന്നര്‍, സാമൂഹിക ജീവകാരുണ്യപ്രവര്‍ത്തകര്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍, പത്രപ്രവര്‍ത്തകര്‍, എഴുത്തുകാര്‍, ആതുരാലയങ്ങള്‍, കലാലയങ്ങള്‍, സന്നദ്ധസംഘടനകള്‍ തുടങ്ങി ഒരു സമുദായത്തില്‍നിന്നു ആരെയെടുത്താലും അത് തീവ്രവാദിതന്നെ എന്നുവരുത്തിത്തീര്‍ക്കുന്ന വിധമാണ് പൊലീസ് പട്ടികയുള്ളത്. പട്ടികയിലുള്ള ഇതരവിഭാഗങ്ങളില്‍ പെട്ടവരുടെ സ്വഭാവം തുടരന്വേഷണത്തിലൂടെ പുറത്തുവരും. മുഖ്യമന്ത്രിയും ഡി.ജി.പിയും ‘പിടികൂടിയ’ ആള്‍ പറയുന്ന പട്ടികയായതുകൊണ്ട് ‘തീവ്രവാദ സഹചാരികള്‍’ തന്നെയാവാം അവരും. ഇത്തരത്തില്‍ തീവ്രവാദികളെന്നു മുദ്രവെച്ച് പൂട്ടിട്ട സിമിയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരെന്ന പേരില്‍ നടത്തുന്ന ഈ കൂട്ട ഇ-മെയില്‍ വേട്ട ആരുടെയൊക്കെയോ വര്‍ഗീയ അജണ്ടയെ ആസ്പദമാക്കിയാണ് എന്ന ബോധ്യത്തില്‍ തന്നെയാണ് ‘മാധ്യമം’ അതു വെളിച്ചത്തു കൊണ്ടുവന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി പറയുന്നു, കത്തില്‍ പറയുന്ന സിമി ബന്ധം പൊലീസ് സൂപ്രണ്ടിനു പറ്റിയ പിഴവാണെന്ന്. എങ്കില്‍ നൂറുകണക്കിനാളുകളെ തീവ്രവാദിബന്ധത്തിന്‍െറ പേരില്‍ പിടികൂടാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ അടവൊരുക്കിയെന്നാണോ? എങ്കില്‍ ആ ഉദ്യോഗസ്ഥനെതിരെ ആഭ്യന്തരം കൈയാളുന്ന മുഖ്യമന്ത്രി നടപടിയെടുക്കുമോ? ഒരു പ്രത്യേകസമുദായക്കാരെ എണ്ണത്തില്‍ കൂടുതല്‍ കാണുമ്പോഴേക്കും പ്രത്യേക തീവ്രവാദപട്ടം ചാര്‍ത്താന്‍ വെമ്പുന്ന മനോനില തന്‍െറ പൊലീസിനെയും പിടികൂടിയെന്ന ഗുരുതരമായ സ്ഥിതിവിശേഷത്തെ മുഖ്യമന്ത്രി എങ്ങനെ കാണുന്നു? മുഖ്യമന്ത്രി കണ്ണുരുട്ടി പറയുന്ന പോലെതന്നെ രാജ്യരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണിത്. ആ വിഷയമടങ്ങുന്ന നാലുവരി കത്തിലെ സിമി ബന്ധം എന്ന പരാമര്‍ശവും ലോഗിങ് വിശദാംശങ്ങള്‍ ആരാഞ്ഞതും പിഴവാണെന്നു പറഞ്ഞാല്‍ പിന്നെ ആ കത്തിന്‍െറ ഉള്ളടക്കത്തില്‍ ബാക്കിയെന്തുണ്ട്? അത് വെറുമൊരു തമാശക്കത്തോ? എങ്കില്‍ ഈ നിര്‍ദേശത്തിന്‍െറ ചുവടുപിടിച്ച് ഒരു പ്രവാസി ബിസിനസുകാരന്‍െറ കുടുംബത്തെ പൊലീസ് വേട്ടയാടിത്തുടങ്ങിയത് എന്തിന്? അസ്വാഭാവികതയൊന്നുമില്ലാത്ത പതിവുകാര്യമാണിതെന്നും മുമ്പും ഇങ്ങനെയൊക്കെ പരിശോധന നടന്നിട്ടുണ്ടെന്നു കൂടി മുഖ്യമന്ത്രി പറയുമ്പോള്‍ നിഗൂഢത നീങ്ങുകയല്ല, വര്‍ധിക്കുകയാണ്. ഒരു പ്രകോപനവുമില്ലാതെ നൂറുകണക്കിനു മുസ്ലിംകളുടെ സ്വകാര്യതയിലേക്കുള്ള തള്ളിക്കയറ്റം എന്തിനുവേണ്ടി? ഇതെല്ലാം തീവ്രവാദിയെ പിടികൂടല്‍ വാര്‍ത്തകളായി മേലില്‍ നാം കേള്‍ക്കേണ്ടി വരുമോ? കാര്യം വ്യക്തമാണ്. ആരുടെയൊക്കെയോ താല്‍പര്യത്തിനു വിധേയമായി വര്‍ഗീയ അജണ്ടയെ ആസ്പദിച്ചുള്ള ചില കരുനീക്കങ്ങള്‍ക്ക് ഇതര സംസ്ഥാനങ്ങളിലെന്ന പോലെ കേരളത്തിലും പൊലീസ് മുതിരുന്നു. ഇത് ആഭ്യന്തരവകുപ്പ് അറിയാതെയാണ് എന്നു കരുതുന്നത് കളിപ്പീരാണ് -പാസ്വേഡ് ചോദിച്ചില്ല, ലോഗിങ് വിശദാംശങ്ങളേ ചോദിച്ചുള്ളൂ (താക്കോല്‍ വാങ്ങിയിട്ടില്ല, ചുമര്‍ കുത്തിപ്പൊളിച്ചിട്ടേയുള്ളൂ എന്ന മട്ട്) എന്ന തമാശ പോലെ.

സര്‍ക്കാറിന്‍െറ ഈ വര്‍ഗീയ അജണ്ട പുറത്തായതിലെ ജാള്യം മറച്ചുവെക്കാനാണ് അതു പുറത്തറിയിച്ച ‘മാധ്യമ’ത്തിനുമേല്‍ ഉമ്മന്‍ചാണ്ടി വര്‍ഗീയ, സാമുദായികസ്പര്‍ധ ആരോപണം വലിച്ചെറിയുന്നത്. ഭരണകൂടത്തില്‍ നിന്നുണ്ടാകരുതാത്ത ഈ നീക്കത്തെ, അതിന്‍െറ കാതലായ ഭാഗങ്ങള്‍ നിഷേധിക്കുമ്പോഴും, തിരുത്താനോ തള്ളിപ്പറയാനോ അദ്ദേഹം തയാറായില്ല. അതേസമയം, നാടുഭരിക്കുന്ന മുഖ്യമന്ത്രിയില്‍നിന്ന് വെറുമൊരു രാഷ്ട്രീയനേതാവിന്‍െറ റോളിലേക്ക് ഇറങ്ങിവന്ന് ‘മാധ്യമ’ത്തിന് വര്‍ഗീയനിറം പൂശാന്‍ ശ്രമിച്ചത് കഷ്ടമായി. ഭിന്ന സമുദായക്കാര്‍ക്കിടയില്‍ സ്പര്‍ധക്കിടയാക്കുന്ന സംശയരോഗം വളര്‍ത്തി തീവ്രവാദി യക്ഷിവേട്ടക്ക് കളമൊരുക്കുന്ന പൊലീസോ, ആ നീക്കങ്ങളെ തുറന്നു കാട്ടുന്ന ‘മാധ്യമ’മോ ആരെയാണ് വര്‍ഗീയതയും വിദ്വേഷരാഷ്ട്രീയവും ആവേശിച്ചതെന്നു തിരിച്ചറിയാനുള്ള മലയാളിയുടെ സാമാന്യബോധത്തെ ഈ വണ്ണം പരിഹസിക്കരുത്. ഒരു സമുദായത്തിനെതിരായി ഭരണകൂടത്തിന്‍െറ ഭാഗത്തുനിന്നുണ്ടാകുന്ന അതിരുവിട്ട നീക്കങ്ങളെ അനാവരണം ചെയ്യുന്നതെങ്ങനെയാണ് സമുദായസ്പര്‍ധക്കിടയാക്കുക? ഒരു വിഭാഗത്തിനെതിരായ പൗരാവകാശലംഘനങ്ങള്‍ വിളിച്ചുപറയുന്നതെങ്ങനെയാണ് വര്‍ഗീയതയാവുക? ഭരണകൂടങ്ങള്‍ക്കും ഒൗദ്യോഗികസംവിധാനങ്ങള്‍ക്കും വര്‍ഗീയ, സമുദായവിവേചന പ്രവര്‍ത്തനങ്ങളാകാം, അത് വിളിച്ചുപറയുന്നതാണ് പാതകം എന്നു വരികില്‍ അത് സമ്മതിക്കാന്‍ മാനവികപക്ഷത്തു നിലയുറപ്പിച്ച ‘മാധ്യമ’ത്തിനു നിര്‍വാഹമില്ല. ഇപ്പോള്‍ ‘മാധ്യമ’ത്തിന്‍െറ നേര്‍നിലാവിനെതിരെ കൂകിവിളിക്കുന്നവരെല്ലാം വാലുമടക്കി മാളത്തിലൊളിച്ച മാറാട് രണ്ടാം കലാപത്തിന്‍െറ കലുഷിതനാളുകളില്‍ കണ്ടുനില്‍ക്കാതെ, മാനവികപക്ഷത്തുനിന്ന് ‘മാധ്യമ’വും അതിന്‍െറ സാരഥികളും നടത്തിയ ഇടപെടലുകളെക്കുറിച്ച് അന്ന് മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്‍റണിയോട് ഉമ്മന്‍ചാണ്ടി തിരക്കുന്നത് നന്ന്. ആള്‍ക്കൂട്ടങ്ങളുടെയും അധികാരികളുടെയും വര്‍ഗീയതക്കും വിവേചനത്തിനുമെതിരെ ശക്തമായി നിലകൊണ്ടതാണ് ‘മാധ്യമ’ത്തിന്‍െറ പാരമ്പര്യം. നിലനില്‍പിനുവേണ്ടി നിലപാടുകളുടെ തൊപ്പിയഴിക്കാന്‍ അതിനാവില്ല. സ്വയംകൃതാനര്‍ഥങ്ങളുടെ ശിക്ഷയായി മന്ത്രിസഭയിലും ഭരണമുന്നണിയിലും കരുതല്‍തടങ്കല്‍ അനുഭവിക്കേണ്ടി വരുന്നവരോട് സഹതാപമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കണ്ടതുപോലെ അധികാരം കൈയിലിരിക്കെ, സ്വന്തം നേതാക്കളും അണികളും സമുദായവും പ്രതിലോമകാരികളുടെ പകതീര്‍പ്പിനിരയാകുമ്പോള്‍ അത് കൈയും കെട്ടി നോക്കിനില്‍ക്കാനോ കൂട്ടിക്കൊടുക്കാനോ അവര്‍ക്കായെന്നിരിക്കും. എന്നാല്‍, ഒരു സമുദായത്തെ മൊത്തം കരുതല്‍തടങ്കലില്‍ തളച്ചിടാനുള്ള കുത്സിതനീക്കങ്ങളെ ശബ്ദമില്ലാത്തവരുടെ ശബ്ദമായി സ്വയം പ്രഖ്യാപിച്ച ‘മാധ്യമ’ത്തിനു കണ്ടുനില്‍ക്കാനാവില്ല. അത് ഇടപെടുകതന്നെ ചെയ്യും.

 

 

http://www.madhyamam.com/news/146946/120120

Tags: YK

Views: 692

Reply to This

Replies to This Discussion

മാധ്യമത്തിനെതിരെ ഉമ്മന്‍ ചാന്ഡി കേസ് എടുക്കുമെന്നും പിന്നെ ഇല്ലായെന്നും പിന്നെ പല പല തരതിലുമുള്ള അഴകൊഴമ്ബന്‍ മറുപടികല്‍ കാണുമ്ബോള്‍ നമ്മുടെ ഭരണകൂടവും അതിനു കൂട്ടു നില്ക്കുന്ന സമുതായതിന്റെ മൊത്തം പേറ്റന്റ് എദുത്തവരെന്നും അവകാശപെടുന്നവരുടെ വേവലാതികള്‍ ,,,,അവരെ ഈ രീതിയില്‍ കൊന്ഡെത്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ...മാധ്യമത്തിന്റെ നിലപാട് തികച്ചും വ്യക്തമാണ്...ഒരു ഭീഷണിയേയും ഭയക്കേന്ദതില്ല...എല്ലാ ഭാവുകങളും നേരുന്നു.........

വർഗീയതകാണിക്കാം, അതിനെക്കുറിച്ച് മിണ്ടരുത് എന്നായിരുന്നു തലക്കെട്ടെങ്കിൽ കൂടുതൽ നന്നായിരുന്നേനെ. ഉദ്ദേശ്യം ഇതുതന്നെയായാലും. വർഗിയത കാണിക്കുന്നതും വർഗീയ പറയുന്നതും തെറ്റ് തന്നെയാണല്ലോ... ദേശ്യം പിടിച്ചിരിക്കെ വിധിക്കരുത് എന്ന ഒരു തത്വമുണ്ട്. മാധ്യമത്തിനെതിരെ അന്വേഷണം എന്നത് ദേശ്യത്തിൽ പറഞ്ഞുപോയതാണ് വിവേകം വന്നപ്പോൾ അത് വേണ്ടെന്ന് തോന്നി. പക്ഷെ ഈ ദേശ്യം എവിടെ നിന്ന് വരുന്നുവെന്നാണ് നാം മനസ്സിലാക്കേണ്ടത്.

Latheef.... ningal paranja point njanum note chaithirunnu.... ningal paranja thalakkettu thanneyanu kuduthal cherunnathu....

RSS

Solidarity Network



FeedBack


Malayalam Typing


Videos

  • Add Videos
  • View All

© 2012   Created by Solidarity Network.

Badges  |  Report an Issue  |  Terms of Service